Wednesday, October 31, 2012

ഉപശീർഷക പരിഭാഷ പാഠങ്ങൾ 1


പരിഭാഷകരേ ഇതിലേ..... ഇതിലേ......

*****************************************

ലോകത്തിലെ ആദ്യത്തെ ചലച്ചിത്രം ഏതെന്ന കാര്യത്തിൽ ചലച്ചിത്ര ചരിത്രകാരന്മാർക്കിടയിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും 1895 ഡിസംബർ 28ന് പാരീസിലെ ഗ്രാന്റ് കഫേയിൽ ലൂമിയർ സഹോദരന്മാർ നിർമ്മിച്ച് പ്രദർശിപ്പിച്ച ലൂമിയർ പ്രോഗ്രാമാണ് (workers leaving the Factory, Arrival the train ) അതെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. തുടർന്ന് അനവധി നിശ്ശബ്ദചിത്രങ്ങൾ ഇവയെ പിൻപറ്റി അക്കാലത്ത് പുറത്തിറങ്ങുകയുണ്ടായി. ശബ്ദലേഖന സംവിധാനം അക്കാലത്ത് കണ്ടു പിടിക്കപ്പെട്ടിരുന്നില്ല. അതിനായുള്ള പരീക്ഷണങ്ങൾ അണിയറയിൽ നടന്നു കൊണ്ടിരിക്കെ 1805 ൽ ഗാമണ്ട് കമ്പനി Chrono mega Phone എന്ന നൂതനമായ ശബ്ദലേഖന സംവിധാനവുമായി രംഗപ്രവേശം ചെയ്തു. പിന്നീടുള്ള പരീക്ഷണങ്ങൾ ഇതിനെ പിൻപറ്റി ഇതെങ്ങിനെ ചലച്ചിത്രവുമായി ബന്ധിപ്പിക്കാമെന്നതിനേക്കുറിച്ചായിരുന്നു.19 വർഷങ്ങൾക്കു ശേഷം 1927 വാർണർ ബ്രദേഴ്സ് കമ്പനി ദൃശ്യ, ശ്രാവ്യ പൊരുത്തത്തോടെ "ദ ജാസ് സിംഗർ " എന്ന ചിത്രവുമായി രംഗപ്രവേശം ചെയ്തു. സിനിമയിൽ ശബ്ദസന്നിവേശ സംവിധാനം നിലവിൽ വരുന്നതിന് മുൻപ് അതിന് സാർവ്വലൗകിക ഭാഷ എന്നൊരു അസ്തിത്വം ഉണ്ടായിരുന്നു. ഏതു ദേശക്കാരനും, ഏതു ഭാഷക്കാരനുമായി സംവദിക്കാൻ പ്രാപ്തമായിരുന്നു അത്. ഈ പ്രാധാന്യം സിനിമയ്ക്ക് നഷ്ടമാവുന്നത് ശബ്ദസന്നിവേശം സാധ്യമായതിനു ശേഷമാണ്.അതാടെ സിനിമ പ്രാദേശികഭാഷകളിൽ സംസാരിച്ചു തുടങ്ങുകയും ആസ്വാദക സമൂഹത്തിൽ ഭാഷാപരമായ വേർതിരിവുകൾ ഉണ്ടാവുകയും ചെയ്തു. അജ്ഞാതമായ ഭഷാചിത്രങ്ങൾ ആസ്വദിക്കുക അവന് ശ്രമകരമായി.ഈ വൈതരണിയെ മറികടക്കാനുള്ള ചിന്തയിൽ നിന്നാണ് ഉപശീർഷകം എന്ന സങ്കൽപ്പം വികസിതമായത് എന്നനുമാനിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു നേർമൻ മക്ലീറന്റെ "ഓപ്പണിക്ക് സ്പീച്ച് " എന്ന ഹ്രസ്വചിത്രം ഈ വിഷയം രസകരമായി, എന്നാൽ ഗഹനമായി ചർച്ച ചെയ്യുന്നുണ്ട്... [ നിശ്ശബ്ദചിത്രങ്ങളടെ കാലഘടത്തിലും ഉപശീർഷകങ്ങ ഉണ്ടായിരുന്നു.പക്ഷെ അത് നാം ഇവിടെ വിവക്ഷിക്കപ്പെടുന്ന തരത്തിലുള്ളവയായിരുന്നില്ല.] വിദേശ, മറുഭാഷാചിത്രങ്ങലാണ് സാധാരണയായി ഉപശീർഷകങ്ങൾ കണ്ടുവരുന്നത്. അവയാവട്ടെ ഇംഗ്ലീഷിലമാണ്. ലോകഭാഷാ എന്ന നിലക്കുള്ള അതിന്റെ സ്ഥാനമായിരിക്കണം അതിനാധാരം.

 പരിഭാഷക്കായി നാം സാധാരണ ആശ്രയിക്കുന്നതും ഇതു തന്നെ. ഓരോ ദേശത്തിന്റേയും തനതു ഭാഷയിൽ നിർമ്മിക്കപ്പെടുന്ന സിനിമകൾക്ക് ലോകഭാഷയായ ഇംഗ്ലീഷിൽ ഉപശീർഷകങ്ങൾ നിർമ്മിക്കുമ്പോൾ ആശയചോരണം എന്ന് സാങ്കേതിയായി വിവർത്തന തത്വത്തിൽ വിശേഷിപ്പിക്കുന്ന പ്രക്രിയയെ മറികടക്കാൻ പരമാവധി ശ്രമിച്ചിരിക്കും എന്ന വിശ്വാസത്തിലാണ് ഇവയെ മൂലപാഠമായി നാം പരിഗണിക്കുന്നത്. ഇത് ചിത്രത്തിന്റെ ആശയ, വൈകാരിക, സംഭാഷണതലങ്ങളെ നല്ല രീതിയിൽ പിന്തുണക്കുന്നുണ്ടെങ്കിൽ, സിനിമയുടെ ഒഴുക്കിനേയും കാഴ്ചയുടെ സുഖത്തേയും ഹാനികരമായി ബാധിക്കുന്നില്ലെങ്കിൽ പ്രസ്തുത ആധാരപാഠം മികച്ചതാണെന്ന് അനുമാനിക്കാം. നാം പരിഭാഷ ചെയ്യാൻ ലക്ഷ്യമാക്കുന്ന സിനിമയുടെ ഇംഗ്ലീഷ് പരിഭാഷ മികച്ചതാണെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. ഒരു സിനിമയുടെ അനവധി ഉപശീർഷകങ്ങൾ ലഭ്യമാണെന്നിരിക്കെ അതത്ര വിഷമകരമല്ല.

സൈദ്ധാന്തികമായും, സൗന്ദര്യ ശാസ്ത്രപരമായും പരിഭാഷ എപ്രകാരം നിർവ്വചിക്കപ്പെട്ടിരിക്കുന്നു? എന്താണ് പരിഭാഷയുടെ ധർമ്മം?
"മൂലഭാഷയിലെ അർത്ഥം നില നിർത്തിക്കൊണ്ട് മറ്റൊരു ഭാഷയിലേക്കുള്ള മാറ്റമാണ് വിവർത്തനം " എന്ന് ഈ മേഖലയിൽ ഒട്ടേറെ പഠനങ്ങൾ നടത്തിയിട്ടുള്ള Dr: ജോൺസൺ അഭിപ്രായപ്പെടുന്നു .
"മൂലഭാഷയിൽ അടങ്ങിയിട്ടുള്ള ആശയത്തെ ലക്ഷ്യ ഭാഷാ മാധ്യമത്തിലേക്ക് പകർന്നെടുക്കുന്ന പ്രക്രിയയാണ് തർജ്ജുമ" എന്ന് മലയാളത്തിൽ വിവർത്തന സാഹിത്യത്തിൽ ഒട്ടേറെ പഠനങ്ങൾ നടത്തിയിട്ടുള്ള V. പ്രബോധചന്ദ്രൻ അഭിപ്രായപ്പെടുന്നു.രണ്ടു നിരീക്ഷണങ്ങളും ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാവും;വാക്കുകളല്ല ആശയമാണ് വിവർത്തന വിധേയമാക്കേണ്ടത്.

സനർഭത്തിൽ ഇതുമായി ബന്ധപ്പെട്ട മലയാള സാഹിത്യത്തിലെ പ്രമാദമായ ഒരു വിവർത്തന ചരിത്രം പരാമർശിക്കുന്നത് ഉചിതമാവുമെന്ന് തോന്നുന്നു. എന്തല്ല വിവർത്തനം എന്നതിന് ഉദാഹരണമായാണിത് സാഹിത്യ ചർച്ചകളിൽ പരാമർശിച്ച് കേൾക്കാറുള്ളത്. തകഴിയുടെ ചെമ്മീൻ എന്ന പ്രശസ്തമായ കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് നാരായണ മേനോൻ എന്ന വ്യക്തിയാണ്. പ്രസ്തുത വിവർത്തനത്തിൽ പല ഭാഗത്തും പദാനുപദ വിവർത്തനം കല്ലുകടിയായി അനുഭവപ്പെടുന്നുണ്ട് എന്ന് പറയപ്പെടുന്നു.നോവലിലെ നായികയായ കറുത്തമ്മക്ക് നാരായണ മേനോൻ നൽകിയ പരിഭാഷ"ബ്ലാക്ക് മദർ " എന്നായിരുന്നത്രേ! "തങ്കക്കുടമേ " എന്ന ഓമനപ്പേരിന് "ഗോൾഡൻ പോട്ട്" എന്നും അദ്ദേഹം പരിഭാഷ നൽകിയത്രേ! ഇത് വായിക്കുന്ന ഇംഗ്ലീഷ് സാഹിത്യ വായനക്കാർ ആശയ കുഴപ്പത്തിലായിട്ടുണ്ടാവും എന്ന് നിസ്സംശയാണ് .പേരുകൾ പരിഭാഷപ്പെടുത്തുക വിവർത്തന പ്രക്രിയയിൽ നിഷിദ്ധമാണ്. [ഷേക്സ്പിയറുടെ റോമിയോയേയും, ജൂലിയറ്റിനേയും മലയാളത്തിൽ രമണനായും, ചന്ദ്രികയായും പരിഭാഷപ്പെടുത്തിയാൽ എത്ര അനുചിതമായിരിക്കും?] എന്നാൽ ഓമനപ്പേരുകൾക്ക് ലക്ഷ്യ ഭാഷാ സംസ്ക്കാരത്തിൽ നിലവിലുള്ള ഏതെങ്കിലും സമാന സംബോധനകൾ സ്വീകരിക്കുന്നത് അഭികാമ്യവുമാണ്.ഇത് രണ്ടും വിസ്മരിച്ചതാണ് ചെമ്മീൻ വിവർത്തനം വികലമാവാൻ ഒരു കാരണം എന്ന് അഭിജ്ഞർ വിലയിരുത്തുന്നു.

അരുമ പേരുകളും, സംബോധനകളും പ്രാദേശിക സംസ്ക്കാരവുമായി ബന്ധപ്പെട്ട വിശേഷണ പദങ്ങളും വിവർത്തകരെ വട്ടംചുറ്റിക്കുക സാധാരണമാണ്. ഉദാഹരണം: മലയാളത്തിലെ കുടുമ. ഇതിന് സമാനമായ അർത്ഥം വരുന്ന ഒരു വാക്ക് ഇംഗ്ലീഷിൽ ഇല്ലത്രേ.
ഇംഗ്ലീഷിൽ പിതാവിനെ വിളിക്കുന്നത് ''ഡാഡ് " എന്നാണ്. സാമാന്യമായി ഉപയോഗിക്കപ്പെടുന്നില്ലെങ്കിലും ഡാഡ് എന്നും ഡാഡി എന്നും പറയുന്നതിന്റെ അർത്ഥം മലയാളിക്ക് മനസ്സിലാവും.എന്നാൽ മലയാഇത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ കഥാപാത്രങ്ങൾ ഏത് സാമ്പത്തിക, സാംസ്ക്കാരിക പശ്ചാത്തലത്തിലാണ് അധിവസിക്കുന്നത് എന്ന് പരിഗണിക്കേണ്ടതുണ്ട്. തനി ഗ്രാമീണ പശ്ചാത്തലത്തിലോ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതോ ആയ ചുറ്റുപാടിൽ അധിവസിക്കുന്നവരുടെ കഥയാണ് ചിത്രത്തിന്റേത് എങ്കിൽ അച്ഛൻ എന്ന് പരിഭാഷ പ്പെടുത്തുന്നതായിരിക്കും ഉചിതം. പരിഭാഷകന്റെ ഔചിത്യബോധം പ്രവർത്തിക്കേണ്ടത് ഇത്തരം സന്ദർഭങ്ങ ളിലാണ്.
ഇഗ്ലീഷിൽ നീസ് എന്നാൽ മരുമകൾ എന്നാണ് വിവക്ഷ. എന്നാൽ അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ കേരളത്തിലെ ബന്ധങ്ങളുടെ സങ്കീർണ്ണത പരിഭാഷകനെ തെല്ലൊന്ന് വട്ടംചുറ്റിക്കും .കാരണം നമുക്ക് മരുമക്കൾ രണ്ടുതരമുണ്ട്! ഒന്ന് മകന്റെ ഭാര്യയും, മറ്റൊന്ന് അമ്മാവന്റെ മകളും!. ഇംഗ്ലീഷിലെ "നെഫ്യു "വിന്റെ കാര്യവും മുകളിൽ പറഞ്ഞ മരുമകളുടേതു പോലെ തന്നെ.

മറ്റൊന്ന്: ഇംഗ്ലീഷുകാരുടെ കസിൻ (cousin ). ചെറിയമ്മയുടേയും, ചെറിയച്ചന്റേയും മക്കളാണ് അവർക്ക് കസിൻ.എന്നാൽ ബന്ധുവിനെ പൊതുവായി സൂചിപ്പിക്കാനാണ് നാം ഈ പദം സാമാന്യമായി ഉപയോഗിക്കുന്നത്.തെറി 

******


എല്ലാ ഭാഷയിലും, സമൂഹത്തിലും നിലനിൽക്കുന്ന പ്രതിഷേധത്തിന്റേയും, രോഷത്തിന്റെയും അക്ഷരരൂപമാണ് തെറി. സാംസ്ക്കാരിക വിരുദ്ധതയാണ് അതിന്റെ പ്രത്യയശാസ്ത്രമെന്ന് കപടസദാചാര വാദികൾ ഉത്ഘോഷിക്കുന്നു. ഭാഷ സംസ്കാരത്തിന്റെ ഉത്പ്പന്നമാണ്. അപ്പോൾ എങ്ങിനെയാണ് തെറി സാംസ്ക്കാരിക വിരുദ്ധമാവുന്നത്? അതോ ചെത്തി,മിനുക്കി, ചിന്തേരിട്ട വാക്കുകൾ മാത്രമാണ് സംസക്കാരത്തിന്റ ഭാഗം എന്നുണ്ടോ? അങ്ങനെയെങ്കിൽ തെറി എങ്ങിനെയാണ് മനുഷ്യന്റെ സാംസ്ക്കാരിക പരിസരത്ത് ഇന്നോളം നിലനിന്നത്. സദാചാര വാദികൾ ഇതിന് നാളിതുവരെ ഉത്തരം നൽകിയിട്ടില്ല. രോഷത്തേയും, പ്രതിഷേധത്തേയും ഭാഷ കൊണ്ട് പ്രതിഫലിപ്പിക്കാനാണ് മനുഷ്യൻ തെറി ഉപയോഗിക്കുന്നത്. ഭാഷയുടെ ബഹുവിധ സാധ്യതകളിൽ ഒന്നാണത്. തോക്കു കൊണ്ട് തീർക്കാവുന്നത് വാക്കു കൊണ്ട് തീർക്കുക എന്ന സദുദ്ദേശ്യവും അതിന് പിറകിലുണ്ടാവാം. കപട സദാചാരത്തിന്റെ അപ്പോസ്ഥലരാണ് പലപ്പോഴും തെറിയെ സാംസ്ക്കാരിക വിരുദ്ധമായി വ്യാഖ്യാനിക്കുന്നത്. എന്നിട്ടും സമൂഹത്തിന്റെ എല്ലാ ശ്രേണിയിലും അവ നിലനിൽക്കുക മാത്രമല്ല പുതിയ തെറികൾ ഉരുവം കൊള്ളുകയും ചെയ്യുന്നു.ചുരുക്കത്തിൽ തെറി സംസ്ക്കാരത്തിന്റേയും, ഭാഷയുടേയും അവിഭാജ്യ ഘടകമാണ്. കേരളത്തിന്റെ പരിപ്രേക്ഷ്യത്തിൽ പറഞ്ഞാൽ അനവധി തെറിവാക്കുകൾ സജീവമായി നില നിൽക്കുന്ന ഒരു ഭാഷയാണ് നമ്മുടേത്. ഒളിഞ്ഞും തെളിഞ്ഞും നാമത് ജീവിത്തിൽ നിത്യേന ഉപയോഗിക്കുന്നുമുണ്ട്. ജീവിതത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന കലാരൂപമെന്ന നിലക്ക് സിനിമയിൽ ഇത് പ്രതിഫലിക്കുന്നത് തെറ്റാണെന്ന് വാദിക്കുന്നവർ സദാചാരപരമായി ഇരട്ടത്താപ്പുള്ളവരാണ്. [സംസ്ക്കാരത്തിന്റെ ഔന്നത്യത്തേക്കുറിച്ചും, സദാചാര മൂല്യത്തേക്കുറിച്ചുമൊക്കെ സജീവ ചർച്ചകൾ നടക്കുന്ന കേരളത്തിൽ തന്നെയാണ് പിഞ്ചുകുഞ്ഞുങ്ങളേയും, വൃദ്ധരേയും ലൈംഗികമായി ചൂഷണം ചെയ്യുന്നത്. പോൺ സൈറ്റുകളിൽ നിരന്തരം കയറിയിറങ്ങുന്നവരിലും മലയാളികൾ പിറകിലല്ല. സ്വീകരണമുറികളിൽ കുടുംബസമേതമിരുന്ന് ലിപ് ലോക്ക് ചുംബനം കാണുന്നതിൽ, സ്ത്രീയുടെ നാഭി ച്ചുഴിയിൽ ചുംബിക്കുന്നത് കാണുന്നതിൽ, മാംസളമായ ജഘനവും ,മാറിടവും ,തുടയും ലൈംഗിക ചേഷ്ടകളോടെ ഇളക്കിയാടുന്നത് കണ്ണിമവെട്ടാതെ കാണുന്നതിൽ ഒന്നും ഒരു സദാചാര പ്രശ്നവും അവൻ/അവൾ കാണുന്നില്ല.കോമഡി ഷോകളിലും മറ്റും നിരന്തരം കേൾക്കുന്ന ലൈംഗിക ചുവയുള്ള അധമ ഫലിതങ്ങൾ കേട്ട് തലതല്ലി ചിരിക്കുന്നതും ഇവർ തന്നെയാണ്.]ഇതിലൊന്നും ഇല്ലാത്ത എന്ത് സാംസ്ക്കാരിക വിരുദ്ധതയാണ് സിനിമയിലെ കഥാപാത്രങ്ങൾ പറയുന്ന തെറിയിലുള്ളത്.ചുരുക്കത്തിൽ സദാചാരത്തിന്റെ കണ്ണട വച്ച് ആ സ്വദിക്കപ്പെടേണ്ടതല്ല സിനിമ ഉൾപ്പെടെ ഒരു കലാരൂപവും.

പറഞ്ഞു വന്നത് സിനിമയിലെ തെറി പ്രയോഗങ്ങളെക്കുറിച്ചാണ്. വിദേശങ്ങളിൽ, പ്രത്യേകിച്ച് ഇംഗ്ലീഷിൽ തെറി അതിന്റെ തനിമ ഒട്ടും ചോരാതെ ഉപയോഗിക്കുന്നതാണ് നടപ്പുരീതി. വിവർത്തകനെ കുഴയ്ക്കുന്ന ഒന്നാണ് തെറിവാക്കുകൾ. വിവർത്തനത്തിന് വഴങ്ങാത്തതാണ് മലയാളത്തിലേയും, ഇംഗ്ലീഷിലേയും പല തെറി വാക്കുകളും, വാചകക്കളും. "I deflowered her " എന്നത് ഇംഗ്ലീഷിലെ സ്ത്രീവിരുദ്ധമായ തെറി പ്രയോഗമാണ് " ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ കിട്ടുന്ന അർത്ഥം മൂലഭാഷാപ്രയോഗം ഉത്പാദിപ്പിക്കുന്ന അർത്ഥത്തിന്റെ ഏഴയലത്ത് വരില്ല. "ഞാനവളുടെ കന്യകാത്വം കവർന്നു" എന്ന് മലയാളീകരിച്ചാൽ ഏകദേശം അടുത്തു നിൽക്കും.പക്ഷെ അതിനൊരു മാനകച്ചുവയുണ്ട്. അൽപ്പം പ്രാദേശികത്വം കലർത്തി " ഞാനവളുടെ സീല് പൊട്ടിച്ചു " എന്ന് ആക്കിയാൽ പ്രശ്നം തീർന്നു. സ്വവർഗ്ഗ രതി യുമായി ബന്ധപ്പെട്ട ഒരു പാശ്ചാത്യതെറി പ്രയോഗമാണ് " Sodomy " മലയാളീകരിച്ചാൽ " തുടയ്ക്കു വയ്ക്കുക " എന്നർത്ഥം. ഇംഗ്ലീഷിൽ രോഷപ്രകടനത്തിനായി നിരന്തരം പ്രയോഗിക്കുന്ന ഒരു തെറിയാണ് " Fuck" മലയാഇത്തിലേക്ക് ഭാഷാന്തരം ചെയ്താൽ രതി, മൈഥുനം,ഭോഗം എന്നെല്ലാമാണ് അർത്ഥം. മലയാളികൾ ആരും രോഷം പ്രകടിപ്പിക്കാൻ ഈ വാക്ക് ഉപയോഗിക്കാറില്ല. അതു കൊണ്ട് വിവർത്തകൻ മലയാളത്തിൽ ഇത്തരം സന്ദർഭങ്ങളിൽ സാധാരണ പ്രയോഗിക്കുന്ന ഏതെങ്കിലും വാക്കുകൾ പകരം സ്വീകരിക്കുന്നതാണ് ഉചിതം.( ഒലക്ക യെന്നോ കോപ്പെന്നോ, ആവാം. സന്ദർഭാനുസരണം മൈരെന്നും ആവാം.)

ആംഗല ഭാഷയിലെ മറ്റൊരു തെറി പ്രയോഗമാണ് '' Bull Shit "ഇത് മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്താൽ കിട്ടുന്ന അർത്ഥം ഇംഗ്ലീഷുകാരിൽ മൂലഭാഷാ പ്രയോഗം ഉത്പാദിപ്പിക്കുന്ന അർത്ഥവുമായി പുലബന്ധമുണ്ടാവില്ല.മലയാളിയെ സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാവുകയും ചെയ്യും. പകരം നാം ഇത്തരം സന്ദർഭങ്ങളിൽ സർവ്വസാധാരണമായി ഉപയോഗിക്കുന്ന തുലഞ്ഞു എന്നോ, നശിപ്പിച്ചു എന്നോ, നശിച്ചു എന്നോ അപനിർമ്മിച്ചാൽ പ്രശ്നം തീർന്നു."cunt "ഇംഗ്ലീഷുകാർ അശ്ലീല ധ്വനിയോടെ പ്രയോഗിക്കുന്ന ഒരു വാക്കാണ്. മാനകഭാഷാരീതിയിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ "യോനി " എന്നർത്ഥം ലഭിക്കും. അത് പോരാ പ്രസ്തുത വാക്കിന് ഒരശ്ലീല ധ്വനി ലഭിക്കണമെങ്കിൽ പൂറ് എന്ന് തന്നെ പ്രയോഗിക്കണം. സാമാനം എന്നും ആവാം.ഇതു പോലെ തന്നെയാണ് ഇംഗ്ലീഷിലെ "cock " എന്ന തെറിയും.തർജ്ജുമ "ലിംഗം " എന്നായാൽ പോരാ "കുണ്ണ " എന്നു തന്നെ വേണം. "മറ്റേത്", എന്നോ "സാമാനം" എന്നോ ആയാലും ഉചിതമാവും.
"I Screwed her" എന്നത് ഇംഗ്ലീഷ് ഭാഷയിലെ വേറൊരു തെറി പ്രയോഗമാണ്. "ഞാനവളെ ഭോഗിച്ചു " എന്ന അർത്ഥമാണത് ഉത്പാദിപ്പിക്കുന്നത്. എന്നാൽ അത് ഒരു തെറിയുടെ തലത്തിലേക്കെത്തണമെങ്കിൽ " "ഞാനവളെ പൂശി ", "ഞാനവൾക്ക് പണി കൊടുത്തു "എന്നൊക്കെ അപനിർമ്മിക്കേണ്ടി വരും. ഇംഗ്ലീഷിൽ "Bolls " എന്നതിന് ചില സന്ദർഭങ്ങളിൽ വൃഷണം എന്നാണ് അർത്ഥം. നമുക്കും അങ്ങിനെ തന്നെ .എന്നാൽ ചില സവിശേഷ സന്ദർഭങ്ങളിൽ അതിന്റെ ഭാഷാന്തരീകരണം "അണ്ടി", "മറ്റേത് " എന്നൊക്കെ നൽകിയാലേ സന്ദർഭം ആവശ്യപ്പെടുന്ന ശക്തി ലഭിക്കൂ.

"son of bitch " ഇംഗ്ലീഷിലെ കുപ്രസിദ്ധവും, സാമാന്യവുമായ ഒരു അധിക്ഷേപ പ്രയോഗമാണ് ." പട്ടിയുടെ മകൻ " എന്ന് മലയാളം.സാധാരണ നമ്മൾ പ്രയോഗിക്കുന്നത് "നായിന്റെ മോനേ " എന്നാകയാൽ അങ്ങിനെ പരിഭാഷ ചെയ്യുന്നതാണ് ഉചിതം." your upper box is MT" എന്നത് മറ്റൊരു ഉദാഹരണം. "നിന്റെ തലയ്ക്കകം ശൂന്യം " എന്നാണർത്ഥം .ഒരു വിഢിയാണെന്ന് സാരം. മലയാളത്തിൽ നീ വിഢിയാണെന്ന് പരിഭാഷപ്പെടുത്താം. നിന്റെ തലക്കകത്ത് കളി മണ്ണാണെന്നും പ്രയോഗിക്കാവുന്നതാണ്." കുറേക്കൂടി നന്നാവുക അതാണ് ."She is pro" എന്നത് ഇംഗ്ലീഷിലെ മറ്റൊരു അധിക്ഷേപ പ്രയോഗമാണ്. "ഇവൾ ഒരു വേശ്യയെന്നർത്ഥം. " മലയാളത്തിലും ഈ പ്രയോഗം നിലവിലുണ്ട്. എന്നാൽ ഇത് കുറേക്കൂടി അധിക്ഷേപകരമായ തലത്തിലേക്കെത്താൻ " "ഇവൾ പൊലയാടിയാണെന്നോ ", "ഇവൾ വെടിയാണെന്നോ " സന്ദർഭാനുസരണം പരിഭാഷപ്പെടുത്താവുന്നതാണ്.


ശൈലികൾ

*************


വിവർത്തകരെ വിഷമവൃത്തത്തലാക്കുന്ന മറ്റൊന്ന് ഭാഷാശൈലികളാണ്. എല്ലാ ഭാഷകളും ശൈലികളാൽ സമ്പന്നമാണ്. പല ശൈലികളും ഭൂമിശാസ്ത്രം, സാമൂഹ്യക്രമം, സാമ്പത്തികാവസ്ഥ, ജാതി വർണ്ണവ്യവസ്ഥകൾ ,വിനോദം, തൊഴിൽ, ലിംഗം എന്നിവയൊക്കെയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ശൈലി ഒരു തരത്തിൽ വക്രോക്തിയാണെന്ന് പറയാം. പറയാൻ ഉദ്ദേശ്യിക്കുന ആശയത്തിന് കുറേക്കൂടി വിശാലമായ അർത്ഥതലം ശ്രോതാവിൽ ജനിപ്പിക്കാനാണ് സാധാരണ ഭാഷയിൽ ശൈലികൾ ഉപയോഗിക്കുന്നത്.

മലയാളത്തിൽ പ്രചാരത്തിലുള്ള ഒരു ശൈലിയാണ് " ഉപ്പ് തൊട്ട് കർപ്പൂരം വരെ"സർവ്വത്ര സാധനങ്ങൾക്കും വില കൂടി എന്നത്. ഇത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്താൽ സായിപ്പിന് സംഗതിയുടെ കിടപ്പ് മനസ്സിലാവണമെന്നില്ല കാരണം ഇംഗ്ലീഷിൽ അങ്ങിനെ ഒരു ശൈലി ഇല്ലതന്നെ. "Pric of all commodities From salt to camPhor has rise " എന്ന് ആംഗലവൽക്കരിച്ചാൽ സായിപ്പിന് കാര്യം പിടികിട്ടുമെങ്കിലും " price has rocketed For all CommoditieFrom A to Z " എന്നാക്കിയാൽ മലയാളശൈലിക്ക് തുല്യമാവും.

"it is his nature to call Spade a Spade" എന്നത് ഇംഗ്ലീഷിലെ ഒരു ശൈലിയാണ്. "കൈക്കോട്ടിനെ കൈക്കോട്ടെന്ന് പറയുന്നതാണവന്റെ പ്രകൃതം " എന്ന് മലയാളത്തിൽ പരിഭാഷപ്പെടുത്താം. ഇത് വായിക്കുന്ന മലയാള വായനക്കാർക്ക് സായിപ്പുദ്ദേശിക്കുന്ന ആശയതലം മനസ്സിലാകില്ല എന്ന് വ്യക്തം. "കണ്ടത് പറയുന്നതാണവന്റെ പ്രകൃതം " എന്ന് മലയാളീകരിച്ചാൽ കാര്യം സുവ്യക്തമാവും. "Blood ithicker than water"എന്നത് ഇംഗ്ലീഷിലെ മറ്റൊരു ശൈലിയാണ്.ഇത് മലയാള പരിഭാഷ ചെയ്യുന്നതിനേക്കാൾ ഭംഗിയാവുക " ഉപ്പോളം വരുമോ ഉപ്പിലിട്ടത് " എന്ന ശൈലി പകരം വയ്ക്കുന്നതാണ്."Curtain lecture " [ ഇതിന് നാടകവുമായി ഒരു ബന്ധവുമില്ല കെട്ടോ!] ഇംഗ്ലീഷിലെ മറ്റൊ ശൈലിയാണ് .ഇതിന് " യവനികാഭാഷണം" എന്ന് ഭാഷാന്തരം ചെയ്താൽ മലയാള വായനക്കാർ കുഴങ്ങിയതുതന്നെ. പകരം " തലയണമന്ത്രം എന്ന് ഉപയോഗിച്ചാൽ മൂല ശൈലിക്കൊപ്പം നിൽക്കും

"Building Castle in the air " ഇംഗ്ലീഷിലെ പ്രസിദ്ധമായ ഒരു ശൈലിയാണ്. യാഥാർത്ഥ്യ ബോധമില്ലാത്തവരെ, സ്വപ്നജീവിതളെ സൂചിപ്പിക്കാനാണ് ഈ ശൈലി ഇംഗ്ലീഷിൽ സാധാരണ പ്രയോഗിക്കാറ്. ഇത് മലയാളത്തിലേക്ക് പരിഭാ പ്പെടുത്തുന്നതിനേക്കാൾ ഉചിതം മലയാളത്തിലെ " മനപ്പായസമുണ്ണുക" എന്ന് പകരം ഉപയോഗിക്കുന്നതാണ്. സംക്ഷിപ്തമായി പറഞ്ഞാൽ പരിഭാഷ മൂലഭാഷയിലെ ആശയം ലക്ഷ്യ ഭാഷയിലേക്ക് പകർന്നെടുക്കുക മാത്രമല്ല അവശ്യം സന്ദർഭത്തിൽ അപനിർമ്മിക്കുക കൂടിയാണ്.
ഒരു സിനിമയുടെ ഉപശീർഷകങ്ങൾ പരിഭാഷ ചെയ്യുന്നതിന് മുൻപ് ചിത്രം ഒന്നു, രണ്ട് തവണയെങ്കിലും കണ്ടിരിക്കേണ്ടതാണ്. കഥാപാത്രങ്ങൾ സംസാരിക്കുന്നതിൽ പ്രാദേശിക ഭേദങ്ങളുണ്ടോ? ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം ഏതു സാമൂഹ്യ ശ്രേണിയിൽ അരങ്ങേറുന്നതാണ്? ചിത്രം ഏതു വിഭാഗത്തിൽ പെടുന്നതാണ്?[ ശാസ്ത്ര കൽപ്പിതം, ചരിത്രപരം, എന്നിത്യാദി.] ആവശ്യമെങ്കിൽ വേണ്ട റഫറൻസുകൾ ശേഖരിക്കുക. പരിഭാഷ മികച്ചതാവാൻ ഇത് സഹായകമാവും.മറ്റൊരു ഭൂഭാഗത്തിൽ, കാലാവസ്ഥയിൽ, സാംസ്ക്കാരിക ചുറ്റുപാടിൽ , വർണവ്യവസ്ഥയിൽ, അരങ്ങേറുന്ന കഥയാണ് നാം നമ്മുടെ സാംസ്ക്കാരിക ഭൂമികയിലേക്ക് പറിച്ചു നടുന്നത്. അപ്പോൾ നമ്മുടെ മണ്ണിന്റയും, ചുറ്റുപാടുകളുടേയും വായുവിന്റെയും സ്വഭാവസവിശേഷതകൾ പരിമിതമായ തോതിൽ അനിവാര്യമെങ്കിൽ പരിഭാഷയിൽ പ്രതിഫലിപ്പിക്കുന്നത് മലയാള പ്രേക്ഷകർക്ക് ചിത്രവുമായി താതാത്മ്യം പ്രാപിക്കാൻ സഹായകമാവും. എന്നാൽ ആധാര പാഠത്തിന്റെ സത്ത നഷ്ടപ്പെടാതേയും വിവർത്തന പ്രക്രിയയിൽ അനുവദനീയമാ സ്വാതന്ത്ര്യത്തിന്റെ പരിധി ലംലിക്കാതെയും വേണം ഇത് ചെയ്യാൻ.

ചലച്ചിത്ര ഉപശീർഷക പരിഭാഷ മലയാളത്തിൽ വികസിച്ചു വരുന്ന ഒരു സാഹിത്യ ശാഖയാണ്. അതുകൊണ്ടുതന്നെ പൂർവ്വ മാതൃകകൾ നമുക്ക് മുൻപിൽ ഇല്ല. സാഹിത്യ വിവർത്തനവുമായി ബന്ധപ്പെട്ട ചിന്തകളും. കണ്ടെത്തലുകളും, സിദ്ധാന്തങ്ങളുമാണ് ദിശാസൂചകമായി നമുക്ക് മുൻപിൽ ഉള്ളത്. സാഹിത്യത്തിന്റെ ബഹുരൂപങ്ങളിൽ ഒന്നാണ് ഉപശീർഷക പരിഭാഷ എന്നതിനാൽ പ്രസ്തുത സിദ്ധാന്തങ്ങൾ ഇതിനുകൂടി ബാധകമാണ്.

പരിഭാഷ എന്നത് അപനിർമ്മാണത്തിന്റെ തലത്തിലാണ് ഇന്ന് പരിഗണിച്ചു പോരുന്നത്. അതു കൊണ്ടു തന്നെ അതിനൊരു സർഗ്ഗാത്മക തലമുണ്ട്. എഴുത്തുകാരനൊപ്പമോ, ചില സന്ദർഭങ്ങളിൽ അതിനപ്പുറമോ നിലനിൽക്കുന്ന സന്ദർഭം ചില പരിഭാഷകർ വിവർത്തനത്തിലൂടെ സാധ്യമാക്കുന്നുണ്ട്. പരിഭാഷ അതീവ ശ്രദ്ധയും,ആധാരഭാഷയിലും ലക്ഷ്യ ഭാഷയിലുമുള്ള ഭാഷാ വ്യുൽപ്പത്തിയും അതിലുപരി പ്രയോഗ പരിചയവും ആവശ്യമായ മണ്ഡലമാണ്. ഒപ്പം തന്നെ ഇരു ഭാഷയിലെ ശൈലികളേക്കുറിച്ചുള്ള അറിവും, സാംസ്ക്കാരികാവബോധവും, സർഗ്ഗാത്മക ശേഷിയും കൂടി വേണ്ടതുണ്ട്. സരളമായ രചനാശൈലി പരിഭാഷകനുണ്ടായിരിക്കേണ്ട പ്രഥമ ഗുണമാണ് .പ്രകടനപരതയെ ഒഴിവാക്കാനുള്ള കിഴവ്, ആശയം ക്ലിഷ്ടമായി അവതരിപ്പിക്കാനുള്ള ശേഷി, കൃത്യത, ആത്മാർത്ഥത, ഇരു ഭാഷകളുടേയും സത്ത തിരിച്ചറിയാനുള്ള ഭാഷാജ്ഞാനം, വാചാടോപം ഒഴിവാക്കാനുള്ള വിവേചന ബോധം എന്നിവയും പരിഭാഷകനുണ്ടായിരിക്കേണ്ട അനിവാര്യ ഗുണങ്ങളാണ്.

ചലച്ചിത്ര ഉപശീർഷകങ്ങൾ ലിഖിത രൂപത്തിലാണ്.അത് കാഴ്ചയുടെ ഭാഗമാണെങ്കിലും വായനയുമായാണ് കൂടുതൽ ചാർച്ച.ബിംബങ്ങൾ ഉത്പാദിപ്പിക്കുന്ന അർത്ഥതലമല്ല അത് പ്രധാനം ചെയ്യുന്നത്. ശബ്ദപഥത്തിലെ കഥാപാത്രങ്ങളുടെ സംഭാഷണത്തെയാണ് അത് പ്രതിനിധീകരിക്കുന്നത് .മറ്റൊരു തരത്തിൽ പറഞ്ഞാൽ ശ്രാവ്യ തലത്തിന്റെ ലിഖിത രൂപമാണത്. സിനിമയിലെ കഥാപാത്രങ്ങൾ ഉരുവിടുന്ന സംഭാഷണത്തിന്റെ പരപ്പ് ഒഴിവാക്കി സത്ത മാത്രം നിലനിർത്തി ആറ്റിക്കുറുക്കി നിർമ്മിക്കുന്നതാണ് ഉപശീർഷകങ്ങൾ. അതു കൊണ്ടു തന്നെ അത് കാര്യമാത്ര പ്രസക്തമായിരിക്കും. കാഴ്ച്ചക്കാരന് എളുപ്പത്തിൽ വായിച്ചെടുക്കാവുന്ന ദൈർഷധ്യർഘ്യമേ അതിനുണ്ടാകാവൂ. ബിംബങ്ങളുടെ കാഴ്ചയെ അലോസരപ്പെടുത്താത്ത തരത്തിലായിരിക്കണം അതിന്റെ നിലനിൽപ്പ്.2 സെക്കന്റ് മുതൽ പരമാവധി 7 സെക്കന്റിനുള്ളിൽ വായിച്ചെടുക്കാൻ കഴിയുന്ന ദൈർഘ്യമേ അതിനാകാവൂ. പരമാവധി 33 അക്ഷരങ്ങൾ ഏറിയാൽ 40 അതിനപ്പുറം പ്രത്യക്ഷപ്പെടുന്ന ഒരു ഉപശീർഷകത്തിൽ ഉണ്ടായിക്കൂടാ. ഇതിനുള്ളിൽ ആശയം പ്രതിഫലിക്കത്തക്കവിധം ക്ലിഷ്ടമായിട്ടായിരിക്കണം ഓരോ വരിയുടേയും പരിഭാഷകൾ തയ്യാറാക്കേണ്ടത്. ഒരു സിനിമ മുഖ്യമായും പ്രേക്ഷകനുമായി സംവദിക്കുന്നത് ദൃശ്യങ്ങളുടേതാണ്. എന്നാൽ ആധുനിക സിനിമകൾ കാഴ്ചയുടേയും കേൾവിയുടേയും സമ്മിശ്രകലയാണ്. ദൃശ്യത്തിലൂടെ സംവദിക്കാൻ ഉദ്യേശിക്കുന്ന ആശയത്തിന് സഹായകമായി നില കൊള്ളുന്നതാണ് ഉപശീർഷകങ്ങൾ. തനിച്ച് അതിനൊരു അസ്തിത്വമില്ല. ദൃശ്യത്തെ അപ്രധാന മാക്കുന്ന തരത്തിൽ അതിനൊരു നിലനിൽപ്പ് ഇല്ല തന്നെ.
 
പരിഭാഷയാണല്ലോ നമ്മുടെ ചർച്ചാവിഷയം, ആധാരഭാഷയിൽ ആവിഷ്ക്കരിക്കപ്പെട്ട ആശയത്തിന് തുല്യമായ ആശയം പരിഭാഷയിൽ കൊണ്ടുവരിക ശ്രമകരമാണ്. അതിനടുത്തെത്താനേ പരിഭാഷക്ക് സാധ്യമാവൂ." വിവർത്തനത്തിൽ നഷ്ടപ്പെടുന്നതാണ് കവിത" എന്നാണ് ഇതിനേക്കുറിച്ച് ഒരു വിവർത്തന ചിന്തകൻ അഭിപ്രായപ്പെട്ടിട്ടിട്ടുള്ളത്.വിവർത്തനം ഉയർത്തുന്ന സമസ്ത വെല്ലുവിളികളേയും കുറിച്ചുള്ള ഒരു സമഗ്രചിത്രം ഈ വാക്യത്തിൽ അന്തർലീനമായിട്ടുണ്ട്.

[ഈ ലേഖനം തയ്യാറാക്കാർ ശ്രീ. വി.സുകുമാരന്റെ ലേഖനം, ഡോ.V.C. ഹാരീസുമായുള്ള അഭിമുഖം, കെ. രാമചന്ദ്രന്റെ പ്രഭാഷണം, പി. എ ദിവാകരനുമായി ഈ വിഷയത്തിൽ നടത്തിയ ചർച്ച എന്നിവ സഹായകമായിട്ടുണ്ട്.]

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍