Wednesday, October 31, 2012

സബ്ടൈറ്റിൽ നിർമ്മാണം- ഘടനാപരമായ പ്രാധാന്യങ്ങൾ

മലയാളം സബ്ടൈറ്റിൽ നിർമ്മാനം ഇംഗ്ലീഷ് പരിജ്ഞാനത്തിൽ മാത്രം അധിഷ്ഠിതമാണെന്ന് കരുതുന്നത് ശരിയാകില്ല. ഘടനാപരമായി മികവു പുലർത്തുമ്പോഴേ ഒരു സബ്ടൈറ്റിൽ മികച്ച ഒന്നാകുന്നുള്ളൂ. ഇവിടെ പബ്ലിഷ് ചെയ്യുന്ന പല സബ്ടൈറ്റിലുകളും പരിഭാഷയിൽ മികച്ചു നിൽക്കുമ്പോളും ഘടനാപരമായ കുറവുകൾ അതിന്റെ മാറ്റ് കുറയ്ക്കുന്നുണ്ട്. സബ്ടൈറ്റിൽ നിർമ്മാണഘട്ടങ്ങളിൽ ശ്രദ്ധിക്കേണ്ട നാലു പ്രധാന കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.

വരിയുടെ നീളം

സബ്ടൈറ്റിൽ പരിഭാഷകൻ നേരിടേണ്ടി വന്നേക്കാവുന്ന വലിയ ഒരു വെല്ലുവിളിയാണ് വരികളുടെ നീളത്തെ സംബന്ധിച്ചുള്ളത്. വരി സ്പ്ലിറ്റ് ചെയ്യുകയോ പരമാവധി മലയാളീകരിക്കുകയോ ചെയ്ത് ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാനുമാവും.
ചിത്രം 1 ശ്രദ്ധിക്കൂ. ഈ വരി മുഴുവൻ വായിച്ച് തീർക്കാനുള്ള സമയം അവിടെ ഇല്ലതാനും. ഈ വരിയെ “നമ്മൾ ചില സപ്ലൈസ് അയാൾക്കു വേണ്ടി അവിടേക്ക് അയയ്ക്കാൻ പോകുകയാണ് എന്ന കാര്യം നിങ്ങളെ അറിയിക്കുകയാണ്” എന്ന് പറയുമ്പോൾ വരിയുടെ നീളം കുറയുന്നു. “നമ്മൾ ചില സപ്ലൈസ് അയാൾക്കുവേണ്ടി അവിടേക്ക് അയയ്ക്കുന്നു” എന്നായാലോ? ഭാഷാപരമായ ലാളിത്യം കൊണ്ടും സംവേദനക്ഷമത കൊണ്ടും ഈ വരി ആദ്യത്തേതിനേക്കാൾ മികച്ചതാണ് എന്ന് പറയാം. വരി സ്പ്ലിറ്റ് ചെയ്യുന്ന പ്രക്രിയയും ആലോചിക്കാം. ഈ വരിയെ മുറിച്ച് അടുത്തടുത്ത സമയങ്ങളിൽ തന്നെ പ്രദർശിപ്പിക്കുന്നതാണ് സ്പ്ലിറ്റിങ്ങ്. അങ്ങനെ ചെയ്താലും ആകെ കിട്ടുന്ന സമയം രണ്ട് സാഹചര്യങ്ങളിലും തുല്യമാണ്. വായിച്ചെത്തേണ്ട വരിയും അങ്ങനെ തന്നെ. അതിനാൽ ആദ്യം പറഞ്ഞ രീതി അവലംബിക്കുന്നതായിരിക്കും നല്ലത്.അക്ഷരപ്പിശകുകൾ

അക്ഷരപ്പിശകുകളും സബ്ടൈറ്റിലിന്റെ ആസ്വാദന നിലവാരത്തെ ബാധിക്കുന്നവയാണ്. പൂർണ്ണമായും അക്ഷരപ്പിശകുകൾ ഒഴിവാക്കി പരിഭാഷ ബുദ്ധിമുട്ടാണ്. ശ്രദ്ധിക്കാതെയും വേഗതയുടെ ഭാഗമായുമൊക്കെ വരുന്ന അക്ഷരപ്പിശകുകൾ ധാരാളമാണ്. ഒരുപാട് വലിയ അക്ഷരത്തെറ്റുകൾ വരാതെ-സന്ദർഭത്തിന്റെ അർഥമേ മാറ്റുന്നവ- പരിഭാഷപ്പെടുത്താൻ പരിഭാഷകൻ ശ്രമിക്കുക എന്നതാണ് പ്രതിവിധി. ശരിയാണ് എന്നു കരുതി എഴുതുന്ന വാചകങ്ങളിലും അക്ഷരത്തെറ്റുകൾ കാണാറുണ്ട്. ഉദാഹരണത്തിന് അദ്ദേഹം എന്ന വാക്ക് ഒട്ടുമിക്ക പരിഭാഷകരും ‘അദ്ധേഹം’ എന്നാണ് ഉപയോഗിച്ചു കാണുന്നത്.

സംഭാഷണ ഭാഗങ്ങൾ

സംബ്ടൈറ്റിലിലെ ഏറ്റവും പ്രധാനമായ ഭാഗമാണ് സംഭാഷണങ്ങളുടേത്. ഇവിടങ്ങളിലെ പ്രത്യേകത രണ്ടാളുകൾ പറയുന്നത് സംബ്ടൈറ്റിൽ ചെയ്യേണ്ടി വരും എന്നതാണ്. രണ്ടു പേരുടെ സംഭാഷണങ്ങളും ചിഹ്നങ്ങൾ ഉപയോഗിച്ച് വേർത്തിരിക്കേണ്ടത് പരിഭാഷയ്ക്ക് നിർബന്ധമായ കാര്യമാണ്. ഉദാഹരണത്തിനു രണ്ട് പേർ തമ്മിൽ കണ്ടപ്പോൾ ഒന്നാമൻ ‘സുഖമാണോ’ എന്ന് രണ്ടാമനോടന്വേഷിക്കുന്നു എന്ന് വയ്ക്കുക. രണ്ടാമൻ ‘അതെ’ എന്ന് മറുപടിയും കൊടുക്കുന്നു. ഇതിനെ
ഒന്നാമൻ: സുഖമാണോ?
രണ്ടാമൻ: അതെ.
എന്ന് എഴുതാം. പക്ഷേ സബ്ടൈറ്റിലിന്റെ കാര്യത്തിൽ ഒന്നാമൻ രണ്ടാമൻ എഴുത്ത് വലിപ്പം കൂടുന്നതിന് ഇടയായേക്കാം. അതിനാൽ ആദ്യം പറഞ്ഞത് മുകളിലും രണ്ടാമത് പറഞ്ഞത് താഴെയുമായി
- സുഖമാണോ?
- അതെ
എന്ന് എഴുതാം. ‘-’ ചിഹ്നം ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ചില ഇംഗ്ലീഷ് സബ്ടൈറ്റിലുകളിൽ ഇത് ചിലപ്പോൾ
how are you?
i am fine
എന്ന് തന്നേക്കാം. ഇതിൽ മാറ്റം വരുത്താതെ - ചിഹ്നം എഴുതാതെ പരിഭാഷകൻ മുന്നോട്ട് പോകുന്നു എന്ന് കരുതുക. ഇതുരണ്ടും ഒറ്റയാൾ പറയുന്നതാണ് എന്നു വിചാരിച്ചാൽ പ്രേക്ഷകനെ തെറ്റു പറയാനാകില്ല. ‘-’ ചിഹ്നത്തിന്റെ പ്രസക്തി ഇവിടെയാണ്. ഇനി ചില ഇംഗ്ലീഷ് സബ്ടൈറ്റിലുകളിൽ ഒരു പടി കൂടെ കടന്ന്
how are you? i am fine എന്ന് ഒറ്റവരിയിൽ എഴുതുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. പൊതുവേ ടി.വി ഷോസിന്റെ സബ്ടൈറ്റിലിലാണ് ഇത് കാണാറുള്ളത്. ഇത് ഇംഗ്ലീഷ് സബ്ടൈറ്റിൽ വച്ച് കാണുമ്പോൾ ഊഹാപോഹങ്ങളിലൂടെ മനസ്സിലാക്കാനായേക്കാം. പക്ഷേ കാണുന്നത് മലയാളം സബ്ടൈറ്റിലിലാണ്, അതിൽ ഇതേ പോലെ രണ്ടു പേർ പറയുന്ന ഡയലോഗ് ഒറ്റ വരിയിലാക്കിയാണ് കൊടുത്തിരിക്കുന്നതെങ്കിൽ പ്രേക്ഷകൻ ഒട്ടൊന്നു ബുദ്ധിമുട്ടേണ്ടി വരും. ഇംഗ്ലീഷ് അവഗാഹം കുറവുള്ള ആളാണ് പ്രേക്ഷകൻ എങ്കിൽ വളരെ ബുദ്ധിമുട്ട് ആവും. അങ്ങനെ സംഭവിച്ചാൽ മലയാളം സബ്ടൈറ്റിൽ എന്നതിന്റെ പ്രസക്തി തന്നെ നഷ്ടമാകുകയും ചെയ്യും. അതിനാൽ ഇങ്ങനെ ഉള്ള ഇംഗ്ലീഷ് സബ്ബ് ആണ് പ്രാമാണികമെങ്കിൽ പരിഭാഷകൻ വളരേ ശ്രദ്ധിച്ചേ ഇത്തരം ഭാഗങ്ങൾ കൈകാര്യം ചെയ്യാവൂ.
റീസിങ്ക്:

പല സബ്ടൈറ്റിലുകളും പല റിപ്പുകളുമായും സിങ്ക് ആവാത്ത അവസ്ഥ വരുന്നുണ്ട്. ഇത് പരിഭാഷകന്റെയോ പ്രേക്ഷകന്റെയോ കുഴപ്പമല്ലെങ്കിൽ പോലും ഇത്തിരി ശ്രദ്ധിച്ചാൽ ഈ പ്രശ്നത്തിനു പരിഹാരം കാണാം. സ്വീകാര്യതയുള്ളതോ ഇടത്തരം ഫയൽ സൈസ് ഉള്ളതോ ആയ ഫയലുകൾ ഇറക്കുന്ന റിപ്പർമാർക്ക് മുൻഗണന നൽകുന്നത് നന്നായിരിക്കും-യിഫി,അനോക്സ്മസ്,എം.കെ.വി കേജ്,അക്സോ- ഈ റിപ്പുകളായിരിക്കും അധികം പേരുടേയും കൈയ്യിൽ ഉണ്ടാവാൻ സാധ്യത എന്നതിനാൽ സിങ്കല്ലാത്ത പരാതികൾ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. സബ്ടൈറ്റിൽ ഫയൽ സിങ്ക് ആവുന്ന മൂവി ഫയലിന്റെ വലിപ്പവും കണക്കിലെടുക്കേണ്ടതാണ്. ഉദാഹരണത്തിന് ഒരു മൂവിക്ക് മൂന്ന് ടോറന്റുകളുണ്ട് എന്ന് കരുതുക. ഒന്ന് 360പി 300 എം.ബി മറ്റൊന്ന് 720പി 800 എംബി മറ്റൊന്ന് 1080പി 6 ജിബി. ഇതിൽ 6 ജിബി ഫയലിനു സിങ്ക് ആവുന്ന സബ്ടൈറ്റിൽ പ്രാമാണികമായി പരിഭാഷ നടത്തിയാൽ പൊതുവേ ആളുകൾക്ക് ബുദ്ധിമുട്ടാവാനേ വഴിയുള്ളൂ. അതിനാൽ ഇടത്തരം ഫയൽ സൈസ് ഉള്ള മൂവി ഫയലിനു സിങ്ക് ആവുന്ന സബ്ടൈറ്റിൽ ചെയ്യുന്നതായിരിക്കും നല്ലത് എന്ന് പറയാം.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍