Wednesday, July 2, 2014

Wadjda (2012) വജെദ്ദ (2012)

എംസോണ്‍ റിലീസ് - 64

Wadjda (2012)
വജെദ്ദ (2012)
റിയാദില്‍ താമസിക്കുന്ന വജ്ദ എന്ന പതിനൊന്നു വയസ്സുകാരിയുടെ സ്വപ്നങ്ങളെയും അവള്‍ അഭിമുഖീകരിക്കുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങളെയും ആണ് ഈ സിനിമ ലളിതമായി പകര്‍ത്തുന്നത്. അവരുടെ വീടിന്റെ അകത്തളങ്ങള്‍ അമേരിക്കയി ലെന്നപോലെ ആധുനികമായ അടുക്കള ഉപകരണങ്ങളാലും കമ്പ്യൂട്ടര്‍ ഗെയിമുകളാലും പോപ് സംഗീതത്തിനാലും നിറഞ്ഞതാണ്. എന്നാല്‍ വീടിനു പുറത്തു മതപരമായ വിലക്കുകളും നിയന്ത്രണങ്ങളും എല്ലാ ചലങ്ങളെയും നിയന്ത്രിച്ചുകൊണ്ടുണ്ട്. ഒരു പെണ്‍കുട്ടിയുടെ ശബ്ദം അവളുടെ നഗ്‌നത ആണെന്ന കര്‍ക്കശമായ മതപാഠം പിന്തുടരുന്ന മദ്രസയില്‍ പക്ഷേ മറ്റൊരു തരത്തില്‍ നടക്കുന്നത് ഹീനവും സത്യവിരുദ്ധവുമായ കാര്യങ്ങള്‍ തന്നെയാണ്. പെണ്‍കുട്ടികള്‍ സൈക്കിള്‍ ഓടിക്കുന്നത് നിരോധിക്കപ്പട്ടിരിക്കുന്ന രാജ്യത്ത് സ്വന്തമായി സൈക്കിള്‍ പഠിക്കാനും സൈക്കിള്‍ സ്വന്തമാക്കാനും വജ്ദ കഠിനമായ പരിശ്രമമാണ് നടത്തുന്നത്. പുരുഷന്മാരെ മാത്രം അടയാളപ്പെടുത്തിയ കുടുംബവൃക്ഷത്തില്‍ അവള്‍ തന്റെ പേരുകൂടി ധൈര്യപൂര്‍വ്വം കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. അതിസാധാരണമായ സന്ദര്‍ഭങ്ങളിലൂടെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ നിഷ്‌കളങ്കമായ കാഴ്ചയിലൂടെ സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ അവതരിപ്പിച്ചത് കൊണ്ടാണ് വജ്ദ 2013 ലെ ലോകസിനിമയിലെ ശ്രദ്ധേയ സിനിമകളില്‍ ഒന്നായി മാറിയത്. പുരുഷന്മാരടക്കമുള്ളവര്‍ക്ക് ഒരു സ്ത്രീ നിര്‍ദ്ദേശങ്ങള്‍കൊടുക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്തതിനാലും പൊതുസ്ഥലങ്ങളിലെ സിനിമാ ചിത്രീകരണം നിരോധിക്കപ്പെട്ടതായത് കൊണ്ടും ഒരു വാനില്‍ മറഞ്ഞിരുന്ന് അഭിനേതാക്കള്‍ക്ക് വാക്കിടോക്കിയില്‍ നിര്‍ദ്ദേശങ്ങള്‍ കൊടുത്താണ് ഈ ചിത്രം ഹൈഫ അല്‍ മന്‍സൂര്‍ ഷൂട്ട് ചെയ്തത്.

സമയദൈര്‍ഘ്യം  : 96 മിനിട്ട്
FPS                    : 24
പരിഭാഷ:             :  Prema Chandran P
Download Link
Wadjda (2012) Opensubtitles
Wadjda (2012) DropBox

2 comments:

 1. വാജ്ദ'യുടെ ചരിത്രപരമായ പ്രാധാന്യം, സൗദി അറേബ്യയിലെ ആദ്യവനിതാ സംവിധായിക ഫായിഫ അല മന്‍സൂറിന്റെ ചലച്ചിത്രമെന്നത് മാത്രമല്ല, പൂര്‍ണമായും സൗദി അറേബ്യയില്‍ ചിത്രീകരിച്ച ആദ്യ ചലച്ചിത്രമെന്നതു കൂടിയാണ്. സംവിധായിക എന്ന നിലയില്‍ ഹയീഫ അല്‍ മന്‍സൂറിന് മുന്നില്‍, ക്യാമറയുടെ ഉപയോഗം മുതല്‍ അഭിനേതാക്കള്‍ വരെ നിരവധി വെല്ലുവിളികളുണ്ടായിരുന്നു.
  ഏതാനും ഷോര്‍ട്ട് ഫിലിമുകളും 2005-ല്‍ പുറത്തുവന്ന വിവാദമായ ഡോക്യുമെന്ററി "വുമണ്‍ വിത്തൗട്ട് ഷാഡോസും" സംവിധാനം ചെയ്ത അല്‍ മന്‍സൂറിന് ആദ്യത്തെ ഫീച്ചര്‍ ചിത്രമായ 'വാജ്ദ' എളുപ്പത്തില്‍ പൂര്‍ണമാക്കാവുന്ന ചലച്ചിത്ര സംരംഭമായിരുന്നില്ല. ഈ ചലച്ചിത്രത്തിലെ പ്രധാനഭാഗങ്ങളില്‍ പലതും പൊതുസ്ഥലങ്ങളില്‍ ചിത്രീകരിക്കേണ്ടതായതിനാല്‍, സൗദി അറേബ്യയിലെ പൊതുഇടങ്ങളില്‍ വനിതകള്‍ അഭിമുഖീകരിക്കുന്ന പരിമിതികള്‍ കുറച്ചൊന്നുമല്ല തടസ്സങ്ങളായി നിന്നത്. ഓസ്‌ട്രേലിയയില്‍ നിന്നും സിനിമ പഠിച്ച, ഇറ്റാലിയന്‍ നിയോ റിയലിന് ഏറെ ഇഷ്ടപ്പെടുന്ന അല്‍ മന്‍സൂറിന് സ്റ്റുഡിയോക്കു പുറത്തുള്ള ചിത്രീകരണം വളരെ പ്രധാനമായിരുന്നു. തന്റെ വാഹനത്തിനകത്തിരുന്ന് മോണിറ്ററിലെ ദൃശ്യങ്ങള്‍ നോക്കി വാക്കി ടോക്കിയും ഫോണുമുപയോഗിച്ച് പലപ്പോഴും അഭിനേതാക്കളെ സംവിധാനം ചെയ്യേണ്ടിവന്നു അവര്‍ക്ക്.
  സൗദി സമൂഹത്തിലെ പരിമിതികളുടെ സ്ത്രീക്കാഴ്ചകള്‍ ചലച്ചിത്രത്തിന്റെ സ്വഭാവമനുസരിച്ച് രസകരമാക്കാന്‍ ശ്രമിക്കുമ്പോള്‍, സാമൂഹികവിമര്‍ശനത്തിലെ പടിഞ്ഞാറന്‍ ചായ്‌വുകള്‍ 'വാജ്ദ' പ്രകടിപ്പിക്കുന്നത് കാണാമെങ്കിലും ഒരു സംവിധായികയുടെ ആദ്യ ഫീച്ചര്‍ ചിത്രമെന്ന നിലയില്‍ 'വാജ്ദ' ഏറെക്കുറെ പൂര്‍ണമായ സാങ്കേതികമികവ് പ്രകടിപ്പിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല.ഒരു സിനിമ തിയേറ്റര്‍ പോലുമില്ലാത്ത സൗദി അറേബ്യയില്‍ വലിയൊരു സദസ്സിനു മുന്നിലേക്ക് 'വാജ്ദ' ചെന്നെത്തില്ലെന്ന് അല്‍മന്‍സൂര്‍ സമ്മതിക്കുന്നുണ്ട്. ഡി.വി.ഡി. വഴി മാത്രമാണ് സൗദി അറേബ്യയില്‍ ചലച്ചിത്രം പ്രേക്ഷകരിലെത്തുക. അതുകൊണ്ടുതന്നെ ചലച്ചിത്രത്തിന്റെ കഥന രീതി പലപ്പോഴും മറ്റു രാജ്യങ്ങളിലെ, പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രേക്ഷകരെ മുന്നില്‍ കണ്ടാണെന്നു തോന്നാവുന്ന രീതിയില്‍ മാറുന്നതുകാണാം. ജര്‍മനിയിലെയും അമേരിക്കയിലെയും കമ്പനികളുടെ നിര്‍മാണസഹായവും ഒരു ഘടകമാണ്.

  ReplyDelete
 2. വാജ്ദ എന്ന ബാലിക ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം .അവള്‍ ധീരയാണ് .അവള്‍ പലപ്പോഴും തന്‍റെ സ്വാതന്ത്ര്യം നിഷേധിക്കുന്നവരുടെ നേരെ,അതാരായാലും ചോദ്യം ചെയ്യുന്ന ഒരു കഥാപാത്രം .തനിക്ക് സമൂഹം പതിച്ചു നല്‍കിയിരിക്കുന്ന പരിമിതികളില്‍ നിന്നും പുറത്തു കടക്കുവാന്‍ അവള്‍ പലപ്പോഴും വെമ്പല്‍ കൊള്ളുന്നുണ്ട്,അതിനു ശ്രമിക്കുന്നുമുണ്ട് .പലപ്പോഴും അതവളെ പ്രശ്നങ്ങളില്‍ കൊണ്ടെത്തിക്കുന്നു.എങ്കിലും അവള്‍ തനിക്ക് ലഭിക്കുന്ന കൊച്ചു സ്വാതന്ത്ര്യം ആസ്വദിക്കുന്നുണ്ട്.സ്കൂളില്‍ ശിരസ്സ്‌ മറയ്ക്കാതെ വരുന്ന അവളെ പ്രധാനാദ്ധ്യാപിക വഴക്ക് പറയുന്നുണ്ട് .അവള്‍ തന്‍റെ കൂട്ടുകാരിക്കും അവളുടെ കാമുകനും ഇടയില്‍ ഒരു സന്ദേശ വാഹകയായി മാറുന്നുണ്ട്.പാശ്ചാത്യ സംസ്കാരാത്തോട് അവള്‍ ആഭിമുഖ്യം പ്രകടിപ്പിക്കുന്നുണ്ട് .
  ചെറു പ്രായത്തിലെ വിവാഹിതയായ സഹപാഠിയുടെ വരന്‍റെ പ്രായം അറിയുമ്പോള്‍ അവള്‍ പരിഹസിച്ചു ചിരിക്കുന്നുമുണ്ട് സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുവാന്‍ അനുവാദം ഇല്ലാത്ത രാജ്യത്ത് ഡ്രൈവറായ പാക്കിസ്ഥാനി അവര്‍ക്ക് വേണ്ടി തന്‍റെ വണ്ടി ഓടില്ല ഏന് പറയുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ അവള്‍ പോകുന്നുണ്ട് .അങ്ങനെ ആ രാജ്യത്ത് തനിക്ക് നിഷിദ്ധം ആയതിനെ ഒക്കെ പുണരാന്‍ ശ്രമിക്കുന്നുണ്ട് വാജ്ധ .ഒരിക്കല്‍ അബ്ദുള്ള എന്ന തന്‍റെ സുഹൃത്തിനോടൊപ്പം മത്സരയോട്ടം നടത്താന്‍ വാജ്ധായ്ക്ക് അവള്‍ ദിവസവും കാണുന്ന പച്ച നിറമുള്ള സൈക്കിള്‍ വാങ്ങാന്‍ ഒരു ആഗ്രഹം തോന്നി .അതിനായി അവള്‍ തന്‍റെ അമ്മയോട് കാശ് ചോദിക്കുന്നു .എന്നാല്‍ സ്ത്രീകള്‍ക്ക് സൈക്കിള്‍ ഓടിക്കുന്നത് നിഷിദ്ധം ആണ് എന്ന കാഴ്ചപ്പാടില്‍ ആണ് നവീന ജീവിത രീതികളും അത് പോലെ തന്നെ യാഥാസ്ഥിക ചിന്താഗതികളും ഒരു പോലെ വച്ച് പുലര്‍ത്തുന്ന അവളുടെ അമ്മയുടെ മറുപടി .വാജ്ധ സൈക്കിള്‍ കടക്കാരനോട് തനിക്കിഷ്ടപെട്ട ആ സൈക്കിള്‍ ആര്‍ക്കും കൊടുക്കരുതെന്നും താന്‍ തന്നെ അത് വാങ്ങുമെന്നും പറയുന്നു .പക്ഷെ അവള്‍ക്കു ആ സൈക്കിള്‍ വാങ്ങണമെങ്കില്‍ 800 റിയാല്‍ വേണമായിരുന്നു .അതിനുള്ള വഴികള്‍ ആലോചിച്ചിരിക്കുമ്പോള്‍ ആണ് 1000 റിയാല്‍ ഒന്നാം സമ്മാനത്തുക നല്‍കുന്ന ഖുറാന്‍ പാരായണ മത്സരത്തെക്കുറിച്ച് അവള്‍ അറിയുന്നത് .മതം , മത ഗ്രന്ഥം എന്നിവയോട് താല്‍പ്പര്യം ഇല്ലാതിരുന്ന അവള്‍ എങ്കിലും തന്‍റെ സ്വപ്നം സാക്ഷാത്കരിക്കാനായി ആ മത്സരത്തില്‍ പങ്ക് ചേരാന്‍ തീരുമാനിക്കുന്നു .അതിനായി അവള്‍ മത പഠന ക്ലാസ്സില്‍ ചേരുന്നു .ആദ്യമൊക്കെ അവള്‍ക്കു പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും അവള്‍ അതിനെ ഒക്കെ തരണം ചെയ്യുന്നു .ആ സമയത്ത് തന്നെ ആണ് തന്‍റെ ഭാര്യയില്‍ നിന്നും തനിക്ക് ഇനിയൊരു കുഞ്ഞിനെ കിട്ടില്ല എന്ന് മനസ്സിലാക്കുന്ന വാജ്ദയുടെ അച്ഛന്‍ വീണ്ടും വിവാഹം കഴിക്കുവാന്‍ തീരുമാനിക്കുന്നത് ,
  സ്കൂളില്‍ പ്രധാനാദ്ധ്യാപികയുടെ കണ്ണിലെ കരടായ വാജ്ദ അങ്ങനെ ഖുറാന്‍ പാരായണ മത്സരത്തില്‍ പങ്കെടുക്കുന്ന ദിവസം വന്നെത്തി.അന്ന് അവളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ബാക്കി ചിത്രം.ഒട്ടും സങ്കീര്‍ണമല്ലാത്ത ഒരു കഥ, സങ്കീര്‍ണമായ ഒരു സാമൂഹികസാഹചര്യത്തിന്റെ അരികപറ്റി, അതിഭാവുകത്വമില്ലാതെ ദൃശ്യവല്‍ക്കരിക്കാന്‍ ഹയീഫ അല്‍ മന്‍സൂറിന് കഴിഞ്ഞിട്ടുണ്ട്. അദ്ഭുതപ്പെടുത്തുന്ന തന്മയത്വത്തോടെ നവാഗതരായ വാദ് മുഹമ്മദ് 'വാജ്ദ'യായും അബ്ദുള്‍റഹ്മാന്‍ അല്‍ഹോന്ദനി അബ്ദുള്ളയായും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്.
  കഥയുടെ സവിശേഷതകൊണ്ടും സാങ്കേതികമായ കൈയടക്കംകൊണ്ടും ഒരു സംവിധായികയുടെ ആദ്യ ഫീച്ചര്‍ ചിത്രമാണെന്ന് ഒട്ടും ഓര്‍മിപ്പിക്കാത്ത, രസകരമായ ചലച്ചിത്രമാണ് ഹയീഫ അല്‍ മന്‍സൂറിന്റെ 'വാജ്ദ'.
  കടപാട്:മാതൃഭൂമി ആര്‍ട്ടിക്കിള്‍, രാകേഷ് മനോഹരന്റെ നിരൂപണം ആയി സമന്വയിപ്പിച്ചത്.

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍