Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, February 2, 2015

Offside (2006) ഓഫ് സൈഡ്' (2006)

എം-സോണ്‍ റിലീസ്  115

Offside (2006)
ഓഫ് സൈഡ്' (2006)
ഭാഷ             : പേര്‍ഷ്യന്‍
സംവിധാനം  : ജാഫര്‍ പനാഹി

പരിഭാഷ         : ജിത്തു രാജ്
Frame rate        :  25
Running time   : 93 minute
#info                :17c2e6d5bb11b798c76627eafe7e30d2aaa79705

Download Link
Opensubtitles
DropBox
SubScene




ഫുട്ബോള്‍ കാണിക്കാത്ത ഫുട്ബോള്‍ പടമാണ് ജാഫര്‍ പനാഹിയുടെ 'ഓഫ് സൈഡ്'. കാണികളുടെ കളിജ്വരത്തിലൂടെ ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയേയും ജനങ്ങളുടെ സ്വാതന്ത്ര്യബോധത്തേയും സ്ത്രീകളുടെ അവസ്ഥയേയും മനോഹരമായി അവതരിപ്പിക്കുന്ന പടവും കൂടിയാണ് 2006ല്‍ പുറത്തിറങ്ങിയ ചിത്രം. അങ്ങേയറ്റം സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതി വിദഗ്ധമായി ഒരു രാഷ്ട്രീയ സിനിമ എങ്ങിനെയെടുക്കാം എന്നതിന്റെ മാതൃകയും കൂടിയാണ് പൂര്‍ണമായും വാതില്‍പ്പുറ ചിത്രീകരണം നടത്തിയ ഈ പടം.
തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളടങ്ങിയ ഒരു തിരക്കഥയാണ് പനാഹി അംഗീകാരത്തിനായി ഇറാനിലെ നിര്‍ദ്ദേശ മന്ത്രാലയത്തിന്  സമര്‍പ്പിച്ചത്. അംഗീകാരമില്ലാതെ തന്നെ അറിയപ്പെടുന്ന അഭിനേതാക്കളെ വച്ച് ഷൂട്ടിംഗ് തുടങ്ങി. 39 ദിവസം കൊണ്ട് പടം തീര്‍ത്തു.   എന്നിട്ടും, വിവരം മണത്തറിഞ്ഞ നിര്‍ദ്ദേശ മന്ത്രാലയവും ടെഹ്‌റാനിലെ അച്ചടക്ക സേനകളും പടത്തിന്റെ ഫുട്ടേജ് പിടിച്ചെടുക്കാന്‍ ശ്രമിച്ചു. . 2006-ലെ ബര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം 'സില്‍വര്‍ ബിയര്‍' പുരസ്കാരം സ്വന്തമാക്കി.

ടെഹ്‌റാനില്‍ ഇറാനും ബഹ്‌റീനും തമ്മില്‍ നടക്കുന്ന ഒരു ഫുട്ബോള്‍ മാച്ചിന്റെ പശ്ചാത്തലത്തില്‍ ഏതാനും യുവതികള്‍ സ്റ്റേഡിയത്തില്‍ ചെന്ന് കളികാണാന്‍ ശ്രമിക്കുന്നതാണ് പ്രമേയം. ഇറാനില്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശനമില്ല. ഒരു പെണ്‍കുട്ടി ആണ്‍കുട്ടിയുടെ വേഷത്തില്‍ സ്റ്റേഡിയത്തില്‍ കയറാന്‍ നോക്കിയെങ്കിലും പിടിക്കപ്പെടുന്നു. അവളെപ്പോലെ തന്നെ കുറച്ച് പെണ്‍കുട്ടികള്‍ അവിടെ അറസ്റ്റ് ചെയ്യപ്പെട്ടവരായുണ്ട്. സ്റ്റേഡിയത്തിലേക്കുള്ള ഒരു കവാടത്തിനരുകില്‍ തന്നെയാണ് ഈ ഇടം. കളിയുടെ ആവേശത്തിമിര്‍പ്പും കാണികളുടെ ആരവങ്ങളും ഈ കവാടത്തിലൂടെ കേള്‍ക്കാം. പതുക്കെ പതുക്കെ എല്ലാവരും കളിയില്‍ മുഴുകുന്നു. കവാടത്തിനരികില്‍ നില്‍ക്കുന്ന പോലീസുകാരന്‍ കളിയുടെ തല്‍സമയ ദൃശ്യവിവരണം നല്‍കിക്കൊണ്ടിരിക്കുന്നു. തടവുകാര്‍, പോലീസുകാര്‍ എന്ന വിഭജനം മെല്ലെ അലിയുന്നു.

ഡോക്യുമെന്ററിയുടെ സ്വഭാവം പുലര്‍ത്തിക്കൊണ്ട് തന്നെ ഫുട്ബോള്‍ എന്ന കളി മനുഷ്യരില്‍ ഉണ്ടാക്കുന്ന മാസ്മരികജ്വരത്തിന്റെ ഒരു മനോഹരമായ ആവിഷ്‌കാരമാണ് ഈ ചിത്രം. നിയമങ്ങള്‍ അവയുടെ വഴിയ്ക്കും മനുഷ്യര്‍ അവരുടെ വഴിയ്ക്കും എക്കാലവും സഞ്ചരിക്കുമെന്നത് വളരെ വ്യക്തമായി ചിത്രീകരിക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് പലതിനും സ്വാതന്ത്ര്യമില്ലെങ്കിലും അത് നിയമം വഴി അനുശാസിക്കുന്നതിനെക്കാള്‍ എത്രയോ കറഞ്ഞ അളവിലാണ് ജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നത്. സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടാവും എന്ന ധരണയിലാണ് ഭരണകൂടം അവരുടെ പ്രവേശനം തന്നെ തടഞ്ഞിരിക്കുന്നത്. പക്ഷെ, യഥാര്‍ത്ഥത്തില്‍, ജനങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു പ്രശ്‌നം വളരെ പരിമിതമാണ്. പോലീസുകാര്‍ പെണ്‍കുട്ടികളോട് പെരുമാറുന്ന രീതിയിലും, ആഹ്‌ളാദഭരിതരായ ജനക്കൂട്ടം അവരെ സ്വതന്ത്രരാക്കുന്നതിലൂടെയും ഇതാണ് പനാഹി വെളിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്കിടിയിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ പെരുപ്പിച്ച് അവയെ നിയമവ്യവസ്ഥയുടെ ഭാഗമാക്കി ഭരണകൂട ഭീകരത സൃഷ്ടിക്കുക എന്ന കര്‍മ്മമാണ് ഭരണവര്‍ഗങ്ങള്‍ എന്നും ചെയ്തുപോരുന്നത്. അതിനെതിരെയുള്ള ഒരു സര്‍ഗാത്മക പ്രതികരണമാണ് 'ഓഫ് സൈഡ്'.  എന്നു, ഓഫ് സൈഡില്‍ നിന്ന് ഗോളടിക്കുന്ന കളിക്കാരനാണ് ഭരണകൂടമെന്നും വ്യക്തമാക്കുന്നു ഈ ചിത്രം.   (സിനോപ്സിസ്ന് കടപ്പാട്  എന്‍ രവിശങ്കര്‍, സംഗീത്ജെ. മഹേഷ് കുമാര്‍ എന്നിവരുടെ ലേഖനങ്ങള്‍ )

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍