Thursday, May 7, 2015

Olga (2004) ഓള്‍ഗ (2004)

എം-സോണ്‍ റിലീസ് - 145

Olga (2004)
ഓള്‍ഗ (2004)

സംവിധാനം  : ജെയ്‌മെ മൊന്‍ജാര്‍ഡിം
ഭാഷ              : പോര്‍ച്ചുഗീസ്
പരിഭാഷ    : കെ. പി. രവീന്ദ്രന്‍
Run Time       : 141  min
Frame Rate    : 23.976
#info              :BF77E4B73414E34F0270352E9A4B1E31081D14A4

Download Link
Subscene
Opensubtitles

''പൂര്‍ത്തീകരിക്കപ്പെടാത്ത ലക്ഷ്യങ്ങള്‍, പരാജയത്തില്‍ച്ചെന്നെത്തുന്ന ധീരശ്രമങ്ങള്‍. ഇവയും ചിലപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായിത്തീരാറുണ്ട്. ഇത്തരം പരാജയങ്ങള്‍ക്കും ലോകത്തെ മാറ്റിമറിക്കാനാവും. വിപ്ലവം വിജയിക്കുമ്പോള്‍ മാത്രമല്ല ചരിത്രമാവുന്നത്. വിപ്ലവശ്രമങ്ങള്‍ പരാജയപ്പെടുന്നതും ചരിത്രമാകാറുണ്ട്''.  'ഓള്‍ഗ' എന്ന സിനിമയിലെ ധീരനായിക ഓള്‍ഗ ബനാറിയോയുടെ വാക്കുകളാണിത്. തീവ്രാനുഭവങ്ങളുടെ സംഗ്രഹമാണ് ഈ വാക്കുകള്‍. തന്റെ തീക്ഷണ യൗവനം സമരപാതയിലേക്ക് തിരിച്ചുവിട്ടവളായിരുന്നു ഓള്‍ഗ. സ്വന്തം ജീവിതം എരിച്ചുകളഞ്ഞ് ലോകയുവത്വത്തിനു പ്രകാശപഥം തീര്‍ക്കാന്‍ ശ്രമിച്ചവള്‍. നാസി ഭീകരതയ്ക്കും കീഴടക്കാനാവാത്ത മനക്കരുത്തുകൊണ്ടാണ് ഓള്‍ഗ ജീവിതത്തെ നേരിട്ടത്. എല്ലാറ്റിനോടും അവള്‍ പൊരുതിക്കൊണ്ടിരുന്നു. രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളോട്, സ്വന്തം കുടുംബത്തോട്, അധികാരത്തിനോട്, ജീവിതകാമനകളോട് - അങ്ങനെ എല്ലാറ്റിനോടുമായിരുന്നു പോരാട്ടം. ജയിക്കാനല്ല. പോരാട്ടമാണ് ജീവിതം എന്നു കാണിച്ചുകൊടുത്ത് ലോകയുവത്വത്തെ ആവേശംകൊള്ളിക്കാനായിരുന്നു അത്. പരാജയങ്ങളും വിപ്ലവത്തിന്റെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള പ്രകാശഗോപുരങ്ങളാണെന്ന് വ്യക്തമാക്കാനായിരുന്നു.

സമ്പന്നരായ ജര്‍മന്‍ ജൂതദമ്പതിമാരുടെ ഏകമകളായിരുന്ന ഓള്‍ഗയുടെ യഥാര്‍ഥ ജീവിതമാണ് ഈ ബ്രീസിലിയന്‍ സിനിമ. ബ്രസീലിയന്‍ പത്രപ്രവര്‍ത്തകനായ ഫെര്‍ണാണ്ടോ മൊറെയ്‌സിന്റെ 'ഓള്‍ഗ: വിപ്ലവകാരിയും രക്തസാക്ഷിയും' എന്ന ജീവചരിത്രകൃതിയാണ് സിനിമയ്ക്കാധാരം. തന്റെ കുടംബം സമ്പന്നതയില്‍ മുഴുകി ആര്‍ഭാടപൂര്‍വം ജീവിച്ചപ്പോള്‍ ഓള്‍ഗ തലയുയര്‍ത്തിപ്പിടിച്ചു നടന്നുപോയത് മറ്റൊരു വഴിയേ. കമ്യൂണിസത്തിന്റെ, സഹജീവിസ്നേഹത്തിന്റെ, ഒരു പുതുയുഗപ്പിറവി സ്വപ്നം കാണുന്നവരുടെ വഴിയേ. ഒടുവില്‍ ബേണ്‍ബര്‍ഗിലെ ഗ്യാസ് ചേംബറില്‍ മരണം കീഴ്‌പ്പെടുത്തിയപ്പോള്‍ ഓള്‍ഗ ചരിത്രത്തിന്റെ ഭാഗമായി മാറി. (ജര്‍മനിയിലെ ബര്‍ളിനില്‍ ഒരു തെരുവ് ഓള്‍ഗയുടെ പേരിലാണറിയപ്പെടുന്നത്.) പോര്‍ച്ചുഗീസ് ഭാഷയിലെഴുതിയ ഓള്‍ഗയുടെ ജീവചരിത്രം പുറത്തിറങ്ങിയത് 1985-ലാണ്. രണ്ടുപതിറ്റാണ്ടു വേണ്ടിവന്നു ഈ കൃതിക്കു ചലച്ചിത്രഭാഷ്യം കൈവരാന്‍. പോര്‍ച്ചുഗീസ് ഭാഷയിലുള്ള 'ഓള്‍ഗ'യുടെ സംവിധായകന്‍ ജെയ്‌മെ മൊന്‍ജാര്‍ഡിം ആണ്. 2004-ല്‍ ഈ സിനിമ റിലീസായി. 2005-ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനായുള്ള ഓസ്‌കര്‍ അവാര്‍ഡിന് ഈ ചിത്രവും മത്സരിച്ചിരുന്നു.
കൂടുതല്‍  വായനയ്ക്ക് ടി. സുരേഷ്ബാബുവിന്റെ മാതൃഭൂമി ലേഖനം   മരണമില്ലാത്ത ഓള്‍ഗ

[ ഈ സബ്ടൈറ്റിലില്‍  മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ തന്നിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.>> LINK ]

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍